15.12.10

വൃത്തി ബോധങ്ങള്‍

അടിവസ്ത്രം എന്ന വാക്ക് പോലും നാണത്തോടെയല്ലാതെ പറയാന്‍ ധൈര്യപ്പെടാത്ത, പുതിയതായി യൂറോപ്പിലേക്ക് എത്തിയ സുഹൃത്തില്‍ നിന്നും കൂടിയായി ഇത് രണ്ടാം തവണയാണ് ഒരേ ഉള്ളടക്കമുള്ള "അടിവസ്ത്ര വിവരണം" ഞാന്‍കേള്‍ക്കുന്നത്.

  "നാണമില്ലല്ലോ, നിനക്കിതു കുറിക്കാന്‍!"- ദേ ,പിന്നെയും അയാള്‍ പറയുന്നു.

ഈ നാണം കലര്‍ന്ന കേരളീയ മനസ്സിന്റെ "വൃത്തിയുള്ള " ചിന്ത മനസ്സില്‍ നിറഞ്ഞു പരന്നിരുന്നത് കൊണ്ടാണ് അയാള്‍ വസ്ത്രം അലക്കാന്‍ കൊടുക്കാനിട്ടപ്പോള്‍ അടിവസ്ത്രത്തെ ഒഴിവാക്കിയിരുന്നത് . അലക്കുകാരിയായ വൃദ്ധമദാമ്മക്കാകട്ടെ അയാളുടെ "വൃത്തിചിന്ത" ഒരു രഹസ്യവും "വൃത്തികെട്ട"  കാര്യവുമായി.
പല വട്ടം അലക്ക് നടത്തിയിട്ടും ഒരിക്കല്‍ പോലും ഒരു അടിവസ്ത്രം വിഴുപ്പുകെട്ടിലുടക്കാത്തതിനാല്‍ ഒന്ന് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ആ ജര്‍മന്‍ അലക്ക്ശാസ്ത്രജ്ഞ ഒരു "കണ്ടെത്തല്‍" നടത്തി സകല "നാട്ടിന്‍പുറ വര്‍ത്തമാന" പത്രത്താളുകളിലും പരസ്യപ്പെടുത്തി പേറ്റന്റ് കൈവശപ്പെടുത്തുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു:  'ഇന്ത്യക്കാര്‍ അടിവസ്ത്രം ഉപയോഗിക്കാറില്ല'.

കയ്യും വെള്ളവും തൊടുന്ന പ്രാഥമികകൃത്യങ്ങളില്‍ അറപ്പും വെറുപ്പും പുലര്‍ത്തുന്ന സായിപ്പിന്റെ വൃത്തി ബോധങ്ങള്‍ "കടലാസ്സു കഷണ" ങ്ങളില്‍  പ്രതിവിധി  കണ്ടെത്തി യെങ്കിലും മലയാളിക്കുമുന്പില്‍  അവന്‍ "ഇലക്കഷണം  കൊണ്ടഴുക്കകറ്റുന്ന പ്രാകൃത മനുഷ്യന്‍റെ " പര്യായം മാത്രമായി നില്‍ക്കുന്നു.
വൃത്തിയുടെ പേരിലും വൃത്തികേടുകളുടെ  പേരിലും  ഒരു പിടി വാക് ശരങ്ങള്‍ പാശ് ചാത്യര്‍ക്കും പൌരസ്ത്യര്‍ക്കും അന്യോന്യം തൊടുത്തു കൊണ്ടിരിക്കാമെങ്കിലും നമ്മുടെ ശരങ്ങള്‍ എല്ലാം തീരുമ്പോള്‍ .......
"വൃത്തികെട്ടവയുടെ " പട്ടികയില്‍   നമ്മുടെ ദുശീലങ്ങളുടെ എണ്ണത്തിനാണ്    നീട്ടമേറുന്നതു   എന്നാണ്  എനിക്ക് തോന്നുന്നത് .    

No comments:

Post a Comment