വലിയ സന്തോഷത്തോടെയാണ് എന്‍റെ തലയില്‍ പിറന്ന രണ്ടു മൂന്നു ചിന്താക്കഷണങ്ങള്‍ ഗൂഗിളിന്റെ സഹായത്തോടെ ഇന്ഗ്ലിഷിലേക്ക് മൊഴിമാറ്റി എന്‍റെ 2 പെങ്ങന്മാര്‍ക്കു ഞൊടിയിടയില്‍ അയച്ചുകൊടുത്തു സമയം ലാഭിച്ചത്.
സമയം ലാഭിക്കാന്‍ സഹായിച്ച ഗൂഗിളിനു 'നന്ദി നമസ്കാരം' പറഞ്ഞു ഞാന്‍ ഉറക്കറ തേടി.
ഒരു ധ്യാനമെന്നവണ്ണം പുലര്‍ച്ചയില്‍ നടത്തിയ ആ ഇ മെയില്‍ പുനര്‍ദര്‍ശനം എന്നെ നാണിപ്പിച്ചു കളഞ്ഞു.
"ജെര്‍മനിയിലും മാതാപിതാക്കളെ നന്നായി സംരക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞു " എന്നയര്‍ത്ഥത്തിലെഴുതിയ ജര്‍മന്‍ വാക്യത്തിനു "Even here in Germany i could not find good people , caring for their parents " എന്ന ഗൂഗിള്‍ പരിഭാഷ സ്വന്തം പെങ്ങന്മാര്‍ക്കല്ലാതെ ഇന്ഗ്ലിഷറിയാവുന്ന ജെര്‍മന്കാര്‍ക്കല്ല അയച്ചുകൊടുത്തത് എന്നതുകൊണ്ട് മാത്രം ഞാന്‍ തടി കേടാകാതെ രക്ഷപ്പെട്ടു.
വളച്ചുകെട്ടുള്ള വാക്കുകളുടെ അര്‍ത്ഥവും വരികള്‍ക്കിടയിലെ വായനയും തര്‍ജമ ചെയ്തെടുക്കാന്‍ കമ്പ്യൂട്ടെറിനും ഗൂഗിളിനുമൊന്നും വകതിരിവില്ലല്ലോ !
അതുള്ള ചില proof readers ഉം പ്രസാധകരും പോലും ഭാഷാസംശോധകനെയും എഴുത്തുകാരനെയും നാണം കെടുത്തണമെന്ന് വാശിപിടിക്കും പോലെ അക്ഷരപ്പിശകുകള്‍ വാരി വിതറി ശരിയെഴുതിക്കൊടുക്കുന്നവനെ സങ്കടപ്പെടുത്തുമ്പോള്‍ ഗൂഗിളേ നിന്നെ ഞാന്‍ എങ്ങനെ പഴിപറയും?
എങ്കിലും അക്ഷര ജ്ഞാനമില്ലാത്ത എന്റെയും നിങ്ങളുടെയും അക്ഷരത്തെറ്റുകള്‍ക്ക് വേണ്ടി ഇനി ഗൂഗിള്‍ കുമ്പസാരം നടത്തട്ടെ!
അങ്ങനെ നമ്മുടെ പേര് നീതിമാന്മാരുടെ വ്യാകരണനിയമപ്പുസ്തകത്തില്‍ എന്നേയ്ക്കുമായി ചേര്‍ക്കപ്പെടട്ടെ !
നമുക്ക് പ്രാര്‍ഥിക്കാം-"ഭാഷാദേവീ , വകതിരിവില്ലാത്തവര്‍ ഞങ്ങളെ കാക്കണേ ..."
No comments:
Post a Comment