31.12.10

മരമൊന്ന് ; ഫലങ്ങള്‍ പലതരം

    ഒരേ ഫലം കായ്ക്കാത്ത മരങ്ങള്‍
മക്കു മോന്‍ തുള്ളിച്ചാടി അടുത്ത മരത്തിന്റെ ചുവട്ടിലെത്തി.
അവനിത്   മുപ്പത്തി നാലാമത്തെ പന്ത്രണ്ടു  ശിഖരമരമാണ്.
കളിക്കൂട്ടുകാരില്‍ ചിലര്‍ പറഞ്ഞു :
ഇതില്‍ നിറയെ മധുരിമയുടെ മാമ്പഴക്കാലമാണെന്ന്!
അല്ലായിരിക്കുമെന്നു അല്പം അറിവുള്ളവര്‍ :
ഒറ്റഫലം വിളയുന്ന മരങ്ങളിലൊന്നും മക്കുമോനെന്നല്ല
ഒരുത്തനും ഇതുവരെ കയറാന്‍ പറ്റിയിട്ടില്ലല്ലോ  എന്നാണവര്‍ പറയുന്നത്.

എന്തായാലും ഏതെങ്കിലും ചില്ലകളില്‍
പുഴുക്കാലത്തിനിടയിലും പൂക്കാലവും
 മുള്‍ക്കാലത്തിനിടയിലും    മാമ്പഴക്കാലവും കണ്ടേക്കും
എന്ന പ്രതീക്ഷയില്‍ മക്കുമോന്‍ ആദ്യം കണ്ണും പിന്നെ കാലും എറിഞ്ഞു....

മക്കുമോനോപ്പം എന്‍റെ പ്രിയപ്പെട്ട ..
എല്ലാവര്ക്കും, സുഖ ദുഃഖ സമ്മിശ്രമായിരിക്കാമെന്കിലും  
പ്രതീക്ഷാനിര്‍ഭരമായ ഒരു പുതുവര്‍ഷം -2012 - നേരുന്നു..

30.12.10

പഴയ ഒരു ഓഗസ്റ്റ്‌ മാസത്തിന്റെ ഓര്‍മയ്ക്ക്


                              
ഓഗസ്റ്റ്‌ 13 ന്‌ വൈകിട്ടാണ് ഒരു ബോധോദയം പോലെ എല്ലാം സംഭവിച്ചത്  .
പിന്നെ രാത്രിമുഴുക്കെ നീണ്ട ഒരു തട്ടിക്കൂട്ടല്‍ യജ്ഞം. 
"പ്രതിജ്ഞ" മുഴുമിപ്പിക്കാന്‍ മാലാഖയെപ്പോലെ കടന്നെത്തിയ കൊച്ചുബാലിക . 
പിന്നെ പുലര്‍ച്ച മുതല്‍ പൂരിപ്പിക്കേണ്ട ദൃശ്യങ്ങള്‍ക്കായി   
അന്നു പെയ്തൊരു മഴയൊഴിയുന്നതും  കാത്തോരിരിപ്പ്.
...ഒടുക്കം അത് സംഭവിച്ചു. ഏതു ? മഴയൊഴിഞ്ഞു. എത്ര നേരത്തേക്ക്? 
ആകെ 1 മണിക്കൂറത്തേക്കാവും 
ഞങ്ങളുടെ "നല്ല നടപ്പിനോ" "നടനത്തിനോ"?.....
രണ്ടും കല്പിച്ചു എല്ലാവരും കൂടി കളത്തിലിറങ്ങി. 
പിന്നെ പറയേണ്ടതില്ലല്ലോ അത് സംഭവിച്ചു... അതാണിത്..

ദേശഭക്തിഗാനം -

ഓഗസ്റ്റ് മാസത്തില്‍ ഓര്‍മയിലെത്തുന്നു
 ഭാരതസ്വാതന്ത്ര്യദിനം-ഭാരതസ്വാതന്ത്ര്യദിനം
വീറും വിയര്‍പ്പുമൊഴുക്കിയെന്‍ 
പൂര്‍വികര്‍  വാങ്ങിച്ചു നല്‍കിയെന്‍  ഇന്ത്യ -3
  
പല ജാതി, പല വര്‍ണം, പല ഭാഷയെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം
പല വേഷം, പല രൂപം, പല   ദൈവമെങ്കിലും
ഒരു ചിന്ത എല്ലാര്ക്കുമൊന്നാകണം -നമ്മളൊന്നാകണം

..ഭാരത്‌ ഹമാരാ ദേശ്‌ ഹേ....കഭി ഭാരതീയോം ...

സ്വാര്‍ത്ഥ പീടങ്ങള്‍     തകര്‍ന്നു വീഴേണം
ജാതി തിരിവുകള്‍ അന്യമായി തീരേണം
നാടും നന്മയും കാത്തു സൂക്ഷിക്കേണം
നാളേക്ക് ഭാരതം സ്വന്തമായുണ്ടാവണം(2 )
 
(സാക്ഷാല്‍ക്കാരം -മിഖാസ്  കൂട്ടുങ്കല്‍) 

24.12.10

ഒരു ക്രിസ്തുമസ് കൂടി

2010 ഡിസംബര്‍ 25
എന്‍റെ ദിന വൃത്താന്തത്തില്‍    ഒരു ദിനം കൂടി ചേര്‍ക്കപ്പെട്ടു .
പുല്‍ക്കൂട്‌  കെട്ടിയും പൂത്തിരി കത്തിച്ചും ഈ ക്രിസ്തുമസും  കടന്നു പോയപ്പോള്‍
സക്രാരി പോലെ നശിക്കാത്തൊരു പുല്‍ക്കൂട്‌ 
ഹൃദയത്തില്‍ ഈശോയ്ക്കായി കെട്ടിയില്ലല്ലോ
എന്ന വ്യഥ ബാക്കിയാകുന്നു.

21.12.10

ചില ബ്രാക്കറ്റില്ലാ പ്രസംഗങ്ങള്‍

ഞാന്‍ ധരിച്ചു വച്ചിരുന്നവ എല്ലാം തെറ്റിദ്ധരിക്കുകയും     
വിധി വാക്യങ്ങള്‍ക്കെതിരെയുള്ള എന്‍റെ  ആക്ഷേപങ്ങളെയെല്ലാം കോടതിയലക്ഷ്യങ്ങളായി കാണുകയും ചെയ്യുന്ന ബഹു.(!) കോടതിയോട്
കഴിഞ്ഞു പോയ കാലത്ത് പറഞ്ഞു പോയവയെ ഓര്‍ത്തും
ഇന്ന് പറയുന്നവയെ പ്രതിയും
നാളെ പറയാന്‍ പോകുന്നവയെക്കരുതിയും കുറിക്കുന്നത്,
സ്കൂള്‍ മുറ്റം കണ്ട നാളിലൊക്കെ കേട്ടു പോയ ദേശീയ  പ്രതിജ്ഞയിലെ
" എല്ലാ ഭാരതീയരും എന്‍റെ സഹോദരീ സഹോദരരാ ണ് " എന്ന പ്രതിജ്ഞാ വാക്യത്തില്‍ വിശ്വസിക്കുന്ന ഞാന്‍
കേരളീയരുമെല്ലാം എന്‍റെ സഹോദരീ സഹോദരന്മാരായതിനാല്‍
'വീട്ടുകാരും നാട്ടുകാരുമല്ലേ പിന്നെന്തിനു മറ!' എന്ന മട്ടില്‍ നാട്ടുഭാഷയില്‍
..ശുംഭന്മാര്‍  മുതല്‍..ഞാന്‍ പറഞ്ഞു വരുന്ന  പല പദങ്ങളും
മലയാളിയുടെ നിഖണ്ടുവില്‍      ചേര്‍ക്കപ്പെടാത്തവയും
അവയ്ക്കൊന്നും നിശ്ചിത അര്‍ത്ഥങ്ങള്‍ നല്കപ്പെടാത്തവയുമായതിനാല്‍ 
എന്‍റെ വകയായി നാട്ടിന്‍പുറ നിഖണ്ടുവില്‍ നിന്നും ഭാഷാ നിഖണ്ടുവിലേക്ക്   സംഭാവന ചെയ്യപ്പെടുന്ന      വാക്കുകളെക്കരുതി
എന്‍റെ  പറഞ്ഞു പോയഎല്ലാ തെറ്റുകള്‍ക്കും
പറയുന്ന തെറ്റുകള്‍ക്കും
പറയാനിരിക്കുന്ന തെറ്റുകള്‍ക്കും മാപ്പ് നല്‍കി
എന്നെ ഒരു ഭാഷാസ്നേഹിയും ജനസ്നേഹിയും സാംസ്കാരികനായകനുമായി ആദരിക്കണമെന്ന്  വിനയപൂര്‍വ്വം (!) അപേക്ഷിക്കട്ടെ.
ഇനി മുതല്‍ ഞാന്‍ പറയുന്ന
എല്ലാ തെറികള്‍ക്കും പരദൂഷണങ്ങള്‍ക്കും  ആക്ഷേപങ്ങള്‍ക്കും
'നാട്ടിന്‍പുറ ഭാഷ' എന്ന് ബ്രാക്കറ്റ്    ഇട്ടു പറഞ്ഞു കൊള്ളാം
എന്നും ഇതിനാല്‍ താഴ്മയായി(!) ബോധിപ്പിച്ചു കൊളളുന്നു!

ഒരു എളിയ പാര്‍ട്ടിക്കാരന്‍  ശുംഭന്‍!

....................
N .B .നിഖണ്ടു(X)

20.12.10

ജോസെഫിനെ പോലെ


ക്രിസ്തുമസ് കാലമാണെങ്കിലും മനസ്സില്‍ ജോസെഫിന്റെ ചിത്രം നിറഞ്ഞു നില്‍ക്കുന്നു. താനുമായി വിവാഹ നിശ്ചയം നടന്ന പെണ്‍കുട്ടിയുടെ ഉദരത്തില്‍ താനറിയാതൊരു ശിശു വളരുന്നു.
യൂദ നിയമ പ്രകാരം കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ ഇതിലധികം എന്ത് കാരണം വേണം?
ജോസെഫിന്റെ ആലോചന, പക്ഷെ, അവളെ അപമാനിക്കുന്നതിനായിരുന്നില്ല.
ആയുധപ്പുര കാലിയാകുമ്പോള്‍ ഉള്ള സമാധാന ശ്രമം അല്ല ഇത്.

ആവനാഴിയില്‍ അമ്പുകള്‍ ഏറെ ഉള്ളപ്പോഴും തൊടുക്കാന്‍ മടിക്കുന്ന പോരാളി.വിചിത്രമായ ചിത്രം;പക്ഷെ വിശിഷ്ടമായ    ചിത്രം.

താലിബാന്‍ നീതിപീ O ങ്ങള്‍  എന്നെ സങ്കടപ്പെടുത്തുന്നു.
നിയമത്തിന്റെ അറക്കവാളുമായി  അറവുശാലയില്‍    കുഞ്ഞാടുകളെ കാത്തുകിടക്കുന്ന മനുഷ്യ ചെന്നായകളെ ആര് എന്ത് ചെയ്യാന്‍ ?

മറ്റു മനുഷ്യരെ അപമാനിക്കാനും , പരിഹസിക്കാനും പുശ്ചിക്കാനും,  കുറ്റം വിധിക്കാനും, ശിക്ഷ നടപ്പാക്കാനും എനിക്ക് മറ്റു മനുഷ്യനെക്കാള്‍ എന്ത് യോഗ്യതയാണ് ഉള്ളത്?

ദൈവം പോലും വിധി നടപ്പാക്കലുകളില്‍ പിശുക്ക് കാട്ടുമ്പോള്‍ ഇവിടെയുള്ളവര്‍ക്ക് വിധിക്കുവാനാണ് ഉത്സാഹം.

ദൈവമേ, ജോസെഫിന്റെത് പോലെ മറ്റു മനുഷ്യരെ അപമാനിക്കാന്‍ ഇഷ്ടപ്പെടാത്ത ഹൃദയനന്മ എനിക്കും തരണമേ,            അമേന്‍

15.12.10

വൃത്തി ബോധങ്ങള്‍

അടിവസ്ത്രം എന്ന വാക്ക് പോലും നാണത്തോടെയല്ലാതെ പറയാന്‍ ധൈര്യപ്പെടാത്ത, പുതിയതായി യൂറോപ്പിലേക്ക് എത്തിയ സുഹൃത്തില്‍ നിന്നും കൂടിയായി ഇത് രണ്ടാം തവണയാണ് ഒരേ ഉള്ളടക്കമുള്ള "അടിവസ്ത്ര വിവരണം" ഞാന്‍കേള്‍ക്കുന്നത്.

  "നാണമില്ലല്ലോ, നിനക്കിതു കുറിക്കാന്‍!"- ദേ ,പിന്നെയും അയാള്‍ പറയുന്നു.

ഈ നാണം കലര്‍ന്ന കേരളീയ മനസ്സിന്റെ "വൃത്തിയുള്ള " ചിന്ത മനസ്സില്‍ നിറഞ്ഞു പരന്നിരുന്നത് കൊണ്ടാണ് അയാള്‍ വസ്ത്രം അലക്കാന്‍ കൊടുക്കാനിട്ടപ്പോള്‍ അടിവസ്ത്രത്തെ ഒഴിവാക്കിയിരുന്നത് . അലക്കുകാരിയായ വൃദ്ധമദാമ്മക്കാകട്ടെ അയാളുടെ "വൃത്തിചിന്ത" ഒരു രഹസ്യവും "വൃത്തികെട്ട"  കാര്യവുമായി.
പല വട്ടം അലക്ക് നടത്തിയിട്ടും ഒരിക്കല്‍ പോലും ഒരു അടിവസ്ത്രം വിഴുപ്പുകെട്ടിലുടക്കാത്തതിനാല്‍ ഒന്ന് രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ആ ജര്‍മന്‍ അലക്ക്ശാസ്ത്രജ്ഞ ഒരു "കണ്ടെത്തല്‍" നടത്തി സകല "നാട്ടിന്‍പുറ വര്‍ത്തമാന" പത്രത്താളുകളിലും പരസ്യപ്പെടുത്തി പേറ്റന്റ് കൈവശപ്പെടുത്തുകയും ചെയ്തു. അത് ഇങ്ങനെയായിരുന്നു:  'ഇന്ത്യക്കാര്‍ അടിവസ്ത്രം ഉപയോഗിക്കാറില്ല'.

കയ്യും വെള്ളവും തൊടുന്ന പ്രാഥമികകൃത്യങ്ങളില്‍ അറപ്പും വെറുപ്പും പുലര്‍ത്തുന്ന സായിപ്പിന്റെ വൃത്തി ബോധങ്ങള്‍ "കടലാസ്സു കഷണ" ങ്ങളില്‍  പ്രതിവിധി  കണ്ടെത്തി യെങ്കിലും മലയാളിക്കുമുന്പില്‍  അവന്‍ "ഇലക്കഷണം  കൊണ്ടഴുക്കകറ്റുന്ന പ്രാകൃത മനുഷ്യന്‍റെ " പര്യായം മാത്രമായി നില്‍ക്കുന്നു.
വൃത്തിയുടെ പേരിലും വൃത്തികേടുകളുടെ  പേരിലും  ഒരു പിടി വാക് ശരങ്ങള്‍ പാശ് ചാത്യര്‍ക്കും പൌരസ്ത്യര്‍ക്കും അന്യോന്യം തൊടുത്തു കൊണ്ടിരിക്കാമെങ്കിലും നമ്മുടെ ശരങ്ങള്‍ എല്ലാം തീരുമ്പോള്‍ .......
"വൃത്തികെട്ടവയുടെ " പട്ടികയില്‍   നമ്മുടെ ദുശീലങ്ങളുടെ എണ്ണത്തിനാണ്    നീട്ടമേറുന്നതു   എന്നാണ്  എനിക്ക് തോന്നുന്നത് .    

9.12.10

".....വകതിരിവില്ലാത്തവര്‍ ഞങ്ങളെ ..."

വലിയ സന്തോഷത്തോടെയാണ് എന്‍റെ തലയില്‍ പിറന്ന രണ്ടു മൂന്നു  ചിന്താക്കഷണങ്ങള്‍ ഗൂഗിളിന്റെ സഹായത്തോടെ ഇന്ഗ്ലിഷിലേക്ക്  മൊഴിമാറ്റി എന്‍റെ 2 പെങ്ങന്മാര്‍ക്കു ഞൊടിയിടയില്‍ അയച്ചുകൊടുത്തു സമയം ലാഭിച്ചത്‌.
സമയം ലാഭിക്കാന്‍ സഹായിച്ച ഗൂഗിളിനു 'നന്ദി നമസ്കാരം' പറഞ്ഞു ഞാന്‍ ഉറക്കറ തേടി.
ഒരു ധ്യാനമെന്നവണ്ണം പുലര്‍ച്ചയില്‍ നടത്തിയ ആ ഇ മെയില്‍ പുനര്‍ദര്‍ശനം എന്നെ നാണിപ്പിച്ചു കളഞ്ഞു.
"ജെര്‍മനിയിലും  മാതാപിതാക്കളെ നന്നായി സംരക്ഷിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞു " എന്നയര്‍ത്ഥത്തിലെഴുതിയ  ജര്‍മന്‍ വാക്യത്തിനു    "Even here in Germany  ‌ i could not find good people , caring for their parents " എന്ന ഗൂഗിള്‍ പരിഭാഷ സ്വന്തം പെങ്ങന്മാര്‍ക്കല്ലാതെ ഇന്ഗ്ലിഷറിയാവുന്ന ജെര്‍മന്കാര്‍ക്കല്ല  അയച്ചുകൊടുത്തത് എന്നതുകൊണ്ട്‌ മാത്രം ഞാന്‍ തടി കേടാകാതെ രക്ഷപ്പെട്ടു.

വളച്ചുകെട്ടുള്ള വാക്കുകളുടെ  അര്‍ത്ഥവും വരികള്‍ക്കിടയിലെ വായനയും തര്‍ജമ ചെയ്തെടുക്കാന്‍ കമ്പ്യൂട്ടെറിനും ഗൂഗിളിനുമൊന്നും വകതിരിവില്ലല്ലോ !

അതുള്ള ചില proof readers ഉം പ്രസാധകരും പോലും ഭാഷാസംശോധകനെയും എഴുത്തുകാരനെയും നാണം കെടുത്തണമെന്ന് വാശിപിടിക്കും പോലെ അക്ഷരപ്പിശകുകള്‍ വാരി വിതറി ശരിയെഴുതിക്കൊടുക്കുന്നവനെ സങ്കടപ്പെടുത്തുമ്പോള്‍ ഗൂഗിളേ നിന്നെ ഞാന്‍ എങ്ങനെ പഴിപറയും?


എങ്കിലും അക്ഷര ജ്ഞാനമില്ലാത്ത   എന്റെയും നിങ്ങളുടെയും അക്ഷരത്തെറ്റുകള്‍ക്ക് വേണ്ടി ഇനി ഗൂഗിള്‍ കുമ്പസാരം നടത്തട്ടെ!

അങ്ങനെ നമ്മുടെ  പേര്  നീതിമാന്മാരുടെ വ്യാകരണനിയമപ്പുസ്തകത്തില്‍    എന്നേയ്ക്കുമായി ചേര്‍ക്കപ്പെടട്ടെ  !

നമുക്ക് പ്രാര്‍ഥിക്കാം-"ഭാഷാദേവീ , വകതിരിവില്ലാത്തവര്‍ ഞങ്ങളെ കാക്കണേ ..."

3.12.10

"...പിന്നെയും കളി പോലീസിനോടാ...! "

സകല നാട്ടുകാരും തിക്കി തള്ളി തിരക്കുണ്ടാക്കുന്ന  കവലയില്‍ നിന്ന് ആ ആഗോള പോലീസുകാരന്‍ എന്നും നാട് നന്നാക്കണമെന്നതിനെപ്പറ്റി  പ്രസംഗിക്കുകയും തന്‍റെ വീട്ടുമാതൃക എല്ലാരും നടപ്പിലാക്കണമെന്ന് ശഠിക്കുകയും ചെയ്തു.
നാട് നന്നാക്കാന്‍ ശ്രമിക്കുന്നവരെ വാനോളം പുകഴ്ത്തിയ അദ്ദേഹത്തിന് കയ്യടികളും പൂച്ചെണ്ടുകളും ഏറെ ലഭിച്ചു.
ചിലരാകട്ടെ സ്തുതിവാക്കുകളില്‍ പരിസരം പോലും മറന്നു പാദപൂജ ചെയ്തു.
എന്നിട്ടും പ്രീതിപ്പെട്ടില്ലെന്കിലോയെന്ന ശങ്കയില്‍ ചിലര്‍ സ്വഭവനം പോലും 'നാട് നന്നാകല്‍' പേര് പറഞ്ഞു  തീറെഴുതി നല്‍കി.
പെട്ടെന്നാണ് എങ്ങാണ്ട് നിന്നൊരു എട്ടും പൊട്ടും തിരിയാത്ത പയ്യന്‍ ആ വഴി വന്ന് 'ആഗോളപ്പോലിസുകാരന്റെ  അടുക്കളയിലാണ് പശുവിനെ വളര്ത്തുന്നതെന്നും അങ്ങനെയുള്ള ഒരുത്തനാണ് നാട്ടുവൃത്തിയെക്കുറിച്ച്  നാട്ടാരെ പഠിപ്പിക്കുന്നതെന്നും '    വെട്ടിത്തുറന്നു പറഞ്ഞത്.

'നയതന്ത്രഞ്ജത'യുടെ പര്യായപദമാണ് 'മുഖംമൂടി സംഭാഷണങ്ങള്‍' എന്ന് പയ്യന്‍ ഒളിച്ചു നിന്നാണെങ്കിലും കണ്ടുപിടിച്ചു!
വാ വിട്ടു പോയ വാക്കുകള്‍ക്കൊക്കെ ചാണക ഗന്ധമായാലും ചന്ദന ഗന്ധമായാലും നാട്ടാര്‍ക്ക് മുന്നില്‍ നാറുക തന്നെ.

വെട്ടിത്തുറന്നടിച്ച    വെളിപാടുകള്‍ക്കു വിക്കിലീക്സ് എന്ന പേര് ആരോ വിളിച്ചെങ്കിലും പോലീസുകാരന്റെ മൂക്കിനു താഴെ ഇത് എത്രാം തവണയാ ഇങ്ങനെ ഓരോ പയ്യന്മാര്‍ ...?

പോലീസുകാരന്റെ തൊപ്പിയെടുത്താ അവന്റെ തൊഴുത്തിലെ ചാണകം കോരി വിളമ്പുന്നത് ! പോലീസുകാരന്‍ വെറുതെയിരിക്കുമോ?


എല്ലാ  തന്റേടികളും തന്‍റെ ജീവനെടുക്കാവുന്ന  ഒരു ചീറ്റപ്പുലിക്കെങ്കിലും തീറ്റ കൊടുത്ത് വളര്ത്തുന്നുണ്ടാകും ..ചരിത്രം പറയുന്നതാ അത്.. 

2.12.10

ജാഗ്രത! മഞ്ഞിനുമുണ്ടൊരു പൊയ്മുഖം.

മഞ്ഞുവീഴുന്ന കാഴ്ച  മനോഹരം.
മനസ്സില്‍ കുളിരുപെയ്യിക്കുന്ന മഞ്ഞു കാലദൃശ്യങ്ങള്‍ ചിത്രങ്ങളിലാകുമ്പോള്‍ അതിലേറെ മനോഹരം.
പക്ഷെ,  24 മണിക്കൂറും മഞ്ഞു വീഴുന്ന  സ്ഥലങ്ങളില്‍ കഴിയുന്നവന്റെ
മഞ്ഞുമൂടിയ പ്രസന്ന മനസ്സ് തെളിയാന്‍ മാസങ്ങള്‍ ഇനിയും കാത്തിരിക്കണം!

മഞ്ഞുകാലങ്ങളില്‍ ഉറഞ്ഞുകൂടി സ്ഫടികതുല്യം  റോഡുകളില്‍ പ്രശ്ച്ചന്നവേഷക്കാരനായി തെളിഞ്ഞു കിടക്കുന്ന മഞ്ഞു ചില്ലുകളാണ് മഞ്ഞുകാലങ്ങളിലെ  കൂട്ടിയിടി  വാഹന നിരകളുടെ കാരണക്കാരനെന്ന് കാണുന്നവനറിയാം.

പക്ഷെ പിന്നെയും മഞ്ഞു സ്ഫടികങ്ങളുടെ കപടത...വാഹനനിയന്താവിന്റെ ജാഗ്രതക്കുറവിനെ കെണിപ്പെടുത്തുന്നു.

ജീവിത വഴികളില്‍ ജാഗ്രതക്കുറവുള്ളിടത്ത് സൌന്ദര്യത്തിന്റെ കപടവേഷധാരിയായ അസത്യവും കെണിയൊരുക്കി കാത്തുനില്പ്പുണ്ടെന്നു  അറിയുക!