നിങ്ങളുടെ നാട്ടിലെ സിനിമാ പാട്ടുകളും മറ്റും എങ്ങനെ ആണെന്ന് കേള്‍പ്പിക്കാമോ എന്ന് ഒരു ജര്‍മന്‍ സുഹൃത്ത് നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെടട്ടെ എന്ന് കരുതി യുവതലമുറയ്ക്ക് ഇഷ്ടപ്പെട്ട ഒരു സംഗീതജ്ഞന്റെ ഒരു പ്രശസ്ത ഗാനരംഗം യു ട്യൂബില്‍ ഉള്ളത് കാണിച്ചു.(പേര് പറയില്ല നെഗറ്റീവ് കമ്മന്റ് ആര്‍ക്കും പോസിടീവ് എനെര്‍ജി കൊടുക്കാന്‍ സഹായിക്കില്ലാത്തതിനാല്‍ !)
"ഇതെന്താ സുഹൃത്തെ നിങ്ങള്‍ക്ക് സ്വന്തമായി പാട്ടുകള്‍ ഒന്നും ഇല്ലേ "എന്നായി അദ്ദേഹം..
"അതെന്താ അങ്ങനെ" എന്ന് ഞാന്‍..
"ഇത് ഇംഗ്ലീഷ് കാരന്‍ നിങ്ങളെ കോളനി ആക്കി വച്ചപ്പോള്‍ നിങ്ങള്‍ അവരെ പ്രസാദിപ്പിക്കാന്‍ പഠിച്ച ഈണ രീതിയല്ലേ ഇത് എന്ന് "അദ്ദേഹം . "ഇപ്പോഴും നിങ്ങള്‍ അത് നിങ്ങളുടെ സ്വന്തം ആണെന്നും വിചാരിച്ചു നടക്കുകയാണോ കഷ്ടം.." (ഇംഗ്ലണ്ട് കാരനോട് ജര്‍മന്‍കാരനുള്ള ഇഷ്ടക്കേട് ആര്‍ക്കും അറിവില്ലാത്തതല്ലലോ -അതിനാലാവാം ഇത് എന്ന് ഞാന്‍ കരുതി..)
അതറിഞ്ഞിട്ടെന്നവണ്ണം അദ്ദേഹം.."ഞങ്ങള്‍ക്ക് ആരോടും ഇഷ്ടക്കേട് ഉണ്ടായിട്ടല്ല കേട്ടോ...ഓരോ രാജ്യങ്ങളും അവരവരുടെ തനിമ കാത്തു സൂക്ഷിക്കണം ..എന്ത് വികസനം വന്നാലും..ഞങ്ങള്‍ ആ കാര്യത്തില്‍ ഇത്തിരി നിര്‍ബന്ധ ബുദ്ധിക്കാരാണ്..കല, സംസ്കാരം അവ നില നിര്‍ത്താന്‍ പ്രത്യേക ഫെറയിനുകള്‍ (സംഖടനകള്‍)ഞങ്ങള്‍ക്കുണ്ട്..അ
വര്‍ അത് കൃത്യമായി അവരുടെ ജോലി ചെയ്യും..കാശിന്റെ പിറകെ ഓടി സ്വന്തമായത് എല്ലാം കളഞ്ഞു കുളിച്ചിട്ടു എന്ത് കാര്യം!"
ഞാന്‍ ചൂളിപ്പോയി..
അദ്ദേഹം എന്നെ വിട്ടില്ല..ആ പാട്ടിലെ വരികളുടെ അര്‍ത്ഥം അറിയണമെന്നായി അദ്ദേഹം..ഞാന്‍ കഷ്ടപ്പെട്ട് അര്‍ഥം തിരഞ്ഞപ്പോള്‍ ..അത് ഒരു കാര്യത്തിന്റെ തന്നെ പൊന്‍, മിന്‍ ചേര്‍ത്ത് ഉള്ള ആവര്‍ത്തനങ്ങളും താളത്തിനൊപ്പിച്ചുള്ള കുറെ വാക്കുകളുടെ പെറുക്കി വയ്ക്കലുകളും ആയിരുന്നു... അപ്പോള്‍ ഞാന്‍ പറഞ്ഞു.. "ഞങ്ങളുടെ ചെറുപ്പക്കാര്‍ക്ക് കൂടുതലും ഇപ്പോള്‍ തുള്ളുന്ന താളം ഉണ്ടായാല്‍ മതി ..അത് കൊണ്ട് സംഗീതം ചെയ്യുന്ന ആള്‍ക്കാണ് മുന്‍ഗണന ..അവര്‍ ആദ്യം ഈണം ഇട്ട ശേഷം അതില്‍ ഒതുങ്ങുന്ന കുറെ വാക്കുകള്‍ മാര്‍ക്കെറ്റ് ഉള്ള ഒരു രചയിതാവിനെ കൊണ്ട് പെറുക്കി വയ്പിക്കുകയാണ് ചെയ്യുന്നത് "എന്ന്..
എന്നോട് ഇനി അതെക്കുറിച്ച് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന പോലെ അദ്ദേഹം പിന്നീട് ദൃശ്യത്തെ പറ്റി പരാമര്‍ശിച്ചു .
ഫ്രെയിമുകളിലടക്കം ഒക്കെ അമേരിക്കന്‍ അല്ലെങ്കില്‍ യൂറോപ്പ്യന്‍ രീതികളുടെ ഒരു അനുകരണം ഉള്ളതായിട്ടു അദ്ദേഹം സൂചിപ്പിച്ചു..( ജെര്‍മ്മന്‍കാര്‍ സിനിമാക്കാര്യങ്ങളില്‍ അത്ര പെരെടുത്തവര്‍ അല്ലാത്തത് നമ്മുടെ ഭാഗ്യം !)
ഒപ്പം അദ്ദേഹം ഒരു തവണ കണ്ട 'ഡാം 999' എന്ന ചിത്രത്തില്‍ തെക്കേ ഇന്ത്യന്‍ സംസ്കാരം അവതരിപ്പിക്കാനുള്ള ഒരു നല്ല ശ്രമം എന്ന നിലയില്‍ അദ്ദേഹം അതിനെ പുകഴ്ത്തുകയും ചെയ്തു..
ഇതെല്ലാം കഴിഞ്ഞു മലയാളത്തിനു പിറന്ന ജാരസന്തതിയല്ലാത്ത ഒരു സംഗീത രൂപം അദേഹത്തെ കാട്ടാനായി ഞാന്‍ തിരയുന്നു ..ഓ എന്‍ വി/യൂസഫലി,ബോംബെ രവി കൂട്ട് കെട്ടില്‍ പിറന്ന ഏതെങ്കിലും ഗാനങ്ങള്‍ അദേഹത്തെ കേള്‍പ്പികാം എന്ന് വിചാരിക്കുന്നു....അതല്ലെങ്കില്‍ മനസ്സില്‍ ഓടിയെത്തുന്നത്.. എന്തെ കണ്ണനിത്ര കറുപ്പ് നിറം എന്ന ജോണ്‍സന്‍ മാഷ് ഗാനം ..എന്നെ നാണം കെടുത്തില്ലായിരിക്കും അല്ലെ..
No comments:
Post a Comment