13.8.12

സകല കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

സകല കലാകാരന്‍മാര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന

 പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സുന്ദരമായ്‌ ചമച്ച സകല  ലോക നായകനായ  ദൈവമേ  ,

നിന്റെ കരവിരുതിനാല്‍ സുന്ദരവും ശ്രേഷ്ടവുമായി അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചത്തില്‍
 ഏറ്റവും മനോഹരവും അമൂല്യവുമായ സൃഷ്ടിയായ് മനുഷ്യനെ ഉയര്‍ത്തുകയും
ആ സൃഷ്ടസമൂഹത്തിലേക്ക്  എന്നെയും അംഗമാക്കുകയും ചെയ്ത വലിയ കൃപയെ ഞാന്‍ വാഴ്ത്തുന്നു.
ഈ പ്രപഞ്ചത്തിലെയും, സൃഷ്ടവസ്തുക്കളിലെയും  സൌന്ദര്യം ഒപ്പിയെടുത്തതും
അവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും
മനുഷ്യ ജീവിതത്തിനു ആനന്ദം പകരാനും ,
ഭൌമിക  ജീവിതം കൂടുതല്‍ സുന്ദരമാക്കുവാനും 
അങ്ങനെ നിത്യസൌന്ദര്യവും ജീവിതസംഗീതവുമായ അങ്ങയിലെ
സര്‍വ നന്മകളുടെയും ഒരംശമെങ്കിലും     
മനുഷ്യമനസ്സുകളില്‍ പകര്‍ന്നു ..
ഒടുവില്‍ വിലയം പ്രാപിക്കേണ്ട അങ്ങയിലേക്ക് ഒരു പടിയെങ്കിലും
മനുഷ്യ ഹൃദയത്തെ ഉയര്‍ത്തുകയും ഉണര്ത്തുകയും ചെയ്യുവാന്‍
പ്രത്യേകമായ അനുഗ്രഹത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി കലാ-സാഹിത്യ-സംഗീത വാസനകളുമായി  ഈ ഭൂമിയിലേക്കയച്ചിരിക്കുന്ന  
മനുഷ്യ വ്യക്തിത്വങ്ങളെ ഓര്‍ത്തു ഞങ്ങള്‍ നിനക്ക് സ്തുതിയര്‍പ്പിക്കുന്നു..അവര്‍ക്കായി പ്രാര്‍ഥിക്കുന്നു  .

അങ്ങയുടെ കൃപയില്‍ ആശ്രയം അര്‍പ്പിച്ചു ജീവിതം നയിക്കാന്‍ അവര്‍ക്കിടവരുത്തേണമേ.
 എല്ലാ  മനുഷ്യരെയും വലിയവരായി കാണുവാനും അംഗീകരിക്കുവാനും , പ്രശസ്തിയുടെ കൊടുമുടിയേറിയാലും  
ദൈവ സമക്ഷവും മനുഷ്യ സമക്ഷവും വിനയഭാവം നില നിര്‍ത്തുവാനും 
സമാന മേഖലകളില്‍ വ്യാപരിക്കുന്ന മറ്റു മനുഷ്യരുടെ വളര്‍ച്ചയില്‍ സന്തോഷിക്കാനാവുന്ന മാനസ്സിക വളര്‍ച്ചയിലേക്ക് ഉയരുവാനും അവര്‍ക്ക് നീ ഇടവരുത്തേണമേ.
അപരന്റെ വളര്‍ച്ചക്ക് ഉപയുക്തമായവയെ പ്രോത്സാഹിപ്പിക്കുന്ന ഗുണം അവരുടെ ഹൃദയങ്ങളില്‍ നിന്നും നഷ്ടമാകാന്‍ ഇടയാക്കരുതെ.
കൂടെയുള്ളവരെ ഉയര്‍ത്തുവാനും വളര്‍ത്താനും അവര്‍ക്ക് കൃപയേകണമേ.
സ്വന്തം ജീവിതത്തിലെയും അപരന്റെ ജീവിതത്തിലെയും , ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളെ ആത്മീയ വീക്ഷണത്തിനുള്ള ഇന്ധനമാക്കി മാറ്റുവാന്‍ അവര്‍ക്കിട വരുത്തേണമേ .
എല്ലാറ്റിനുമുപരിയായി മറ്റു മനുഷ്യരില്‍ ദൈവിക നന്മയുണര്ത്തുന്ന  സൃഷ്ടികളും    ജീവിതവും വഴി അവര്‍ മറ്റു മനുഷ്യരുടെ മുന്‍പില്‍ നന്മയുടെ നക്ഷത്രദീപങ്ങളായി ശോഭിക്കട്ടെ .. അമേന്‍.     

ഫാ.മൈക്കിള്‍ കൂട്ടുങ്കല്‍ MCBS

No comments:

Post a Comment